Sunday, May 12, 2013

മടക്കയാത്ര

വിമാനത്തിനുള്ളില്‍ കയറിയപ്പോഴേ ശ്രദ്ധിക്കുന്നു ..ആരുടേയും മുഖം പ്രസന്നമല്ല.സാധാരണ നാട്ടിലേക്കുള്ള  വിമാനത്തില്‍ എല്ലാവരും നല്ല ജോളിയില്‍ ആണ് കാണാറ് എന്നാണ് പലരും പറഞ്ഞതു .നാട്ടില്‍ പോകുന്നതിന്റെ ത്രില്‍ .നാട്ടുകാരെയും വീട്ടുകാരെയും പറ്റിയുള്ള ആകാംഷ... ..ഉന്മേഷം ..ഇവിടെ ഈ  നാട്ടില്‍ മൂടികെട്ടിയിരിക്കുന്നവനും വിമാനത്തിനുള്ളില്‍ സരസനാകും പോലും...പക്ഷെ ഇപ്പോള്‍ ?...ഓ ..അത് മറന്നുപോയി ..പുതിയ തൊഴില്‍ നിയമം വന്നതില്‍ പിന്നെ നാട്ടിലേക്ക് ചെറിയ ഒരു ഒഴുക്കുണ്ട്.വലിയ സ്വപ്‌നങ്ങള്‍ ഒക്കെ കുഴിച്ചുമൂടി ഒരു മടക്ക യാത്ര.അത് പലരുടെയും മുഖത്ത് കാണാനുണ്ട്.ഭാവി എന്തെന്ന് ചിന്തിച്ചു കൊണ്ടുള്ള ഒരു ദയനീയ ഭാവം.പലരും ഒരു കൃത്രിമ ചിരി മുഖത്തു വരുത്തുവാന്‍ ശ്രമിക്കുന്നുവെങ്കിലും പറ്റുന്നില്ല.ഉള്ളിലെ നീറ്റൽ അതിനനുവദിക്കുന്നില്ല

കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടതിനാല്‍ സഹായിക്കാന്‍ എയര്‍ഹോസ്റ്റെസ് കൂടെയുണ്ട് .എന്റെ സീറ്റിനുമുകളില്‍ ബാഗും മറ്റും വെച്ച് എന്റെ വക ഒരു താങ്ക്സ്  വാങ്ങി അവര്‍ പോയി.ഞാൻ എന്റെ സീറ്റിൽ ഇരുന്നു.അടുത്ത് ഒരു യുവാവും ഒരു പ്രായം കൂടിയ ആളും.ഞാൻ ചിരിച്ചു കൊണ്ട് രണ്ടു പേരോടും ഹലോ പറഞ്ഞു .അവരും. .അല്‍പ സമയം കഴിഞ്ഞപ്പോള്‍  അനൌന്‍സ്‌ മെന്റ്  വന്നു ..
വിമാനം ഉയര്‍ന്നു പൊങ്ങി 

പ്രായം ചെന്ന ആൾ ചോദിച്ചു

"നാട്ടിൽ  എവിടെയാ ?"

"തലശ്ശേരി "

"നിങ്ങളോ ?"

"ഞാൻ കൊയിലാണ്ടി "

"കയ്യിലെന്തു പറ്റി ?"

"മരണം വരുന്നോ എന്നു ചോദിച്ചു അടുത്ത് വന്നതാ ..വരില്ലെന്ന് പറഞ്ഞപ്പോൾ ചെറിയ ഒരു പോറൽ ഏല്പ്പിച്ചു കടന്നു പോയി .."

അയാള് ചിരിച്ചു കൊണ്ട് ചോദിച്ചു "ആക്സിഡന്റ്റ് ആയിരുന്നോ  ?'

"അതെ ..വണ്ടി ഇടിച്ചതാ ..കുറച്ചു ദിവസം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു...ഇത് കൊണ്ട് നാട്ടില്‍ പോകാൻ കഴിയുന്നു.ലീവ് കിട്ടി..അല്ലെങ്കിൽ ഒരു രണ്ടു കൊല്ലം കൂടി  ഇവിടെ കിടന്നേനെ ."

പിന്നെ അയാള് ഒന്നും ചോദിച്ചില്ല .എനിക്ക് നാട്ടിലേക്ക് പോകാനുള്ള ഉന്മേഷം ..അയാൾ ചിലപ്പോൾ ജോലി നഷ്ട്ടപെട്ടു പോകുന്ന ആള്‍ ആവാം.

"ചേട്ടന്റെ പേര് പറഞ്ഞില്ല ?'
"അബൂബക്കര്‍ "
"എപ്പോഴാ മടക്കം .."വെറുതെ ഒരു കൊളുത്തിട്ടു .

"ഇനി ഇല്ല ..പത്തു മുപ്പതു കൊല്ലമായി ഇവിടെ ഗള്‍ഫില്‍ ..പല സ്ഥലത്ത് നിന്നും മാറി മാറി ഇവിടെ വന്നു ..ഇനി വയ്യ ഇവിടെ ...എത്ര കാലം എന്ന് വെച്ച് ഇവിടെ തന്നെ ...ഇനി എന്തെങ്കിലും ജോലി നാട്ടില്‍ നോക്കണം.കൂലി പണി എടുത്തെങ്കിലും കുടുംബം നോക്കണം."

"അപ്പോള്‍ ഒന്നും ഉണ്ടാക്കിയില്ലേ മുപ്പതു കൊല്ലം കൊണ്ട് ?"

"ഇവിടെ വന്നത് കൊണ്ട് മൂന്നു കുട്ടികളെ കെട്ടിച്ചു വിട്ടു.ചെറുതെങ്കിലും ഒരു വീട് ഉണ്ടാക്കി.അത്ര മാത്രം.ഇവിടെ കൊയ്യാന്‍ വന്നതാ ..പക്ഷെ എന്റെ അരിവാളിന് മൂര്‍ച്ച ഇല്ലായിരുന്നു.ഓരോരോ ആള്‍ക്കാരുടെ തലവര "

"നാട്ടില്‍ എന്ത് നോക്കാന ...അവിടെ മുഴുവന്‍ അന്യ ദേശക്കാര ..അവരാ ഇപ്പോള്‍ എല്ലാ പണിയും ചെയ്യുന്നത്..നമുക്ക് പണി കിട്ടില്ല "

"നമ്മളും ചെയ്തതു അത് തന്നെയല്ലേ ?നമ്മുടെ നാട്ടില്‍ നിന്നും നമുക്ക് ചെയ്യാന്‍ പറ്റുന്ന പണി ഒന്നും ചെയ്യാതെ ഇങ്ങോട്ടേക്ക് പോന്നു.എന്നിട്ടിവിടെ നരകിച്ചു പണിയെടുത്തു ജീവിതം നശിപ്പിക്കും ..എന്റെ മക്കളുടെ വളര്‍ച്ച ഞാന്‍ കണ്ടിട്ടില്ല..നാടിന്റെ ,നാട്ടുകാരുടെ  കാര്യം ഒന്നും അറിഞ്ഞില്ല.എല്ലാം കണ്ടത്  കേട്ടത് ഭാര്യ മാത്രം ..അവള്‍ അവിടെ ഒറ്റയ്ക്ക് ..എല്ലാം ഒറ്റയ്ക്ക് ചെയ്ത്ജീവിതം ഹോമിച്ചു ....എന്നെ പോലെയുള്ള പ്രവാസികളുടെ എത്ര എത്ര ജീവിതസഖിമാര്‍ നമ്മുടെ നാട്ടില്‍ ഒരു പരിഭവവുമില്ലാതെ ജീവിക്കുന്നു എന്നറിയാമോ ? .

പിന്നെ നിര്‍ത്തി അയാള്‍ പറഞ്ഞു

..അവസാനം പലരും എന്നെ പോലെ കയ്യില്‍ ഒന്നും ഇല്ലാതെ മടങ്ങും ...പക്ഷെ നാട്ടുകാര്‍ വിചാരിക്കും ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗം ആണെന്ന്.നമ്മള്‍ അവിടെ പണം കൊയ്യുകയായിരിക്കും എന്ന്...അവരെ പറഞ്ഞിട്ടും കാര്യമില്ല.നമ്മള്‍ നാട്ടിലെത്തിയാല്‍ നാട്ടുകാരെ കാണിക്കാന്‍ വിലസും ..പണം എറിയും ..പക്ഷെ പിന്നെ ഇവിടെ വന്നു ഒന്ന് മുതലേ തുടങ്ങും.ഒരിക്കലും കൂട്ടിയാല്‍ തികയില്ല...ഞാന്‍ ശരിക്കും ജീവിച്ചത് നാട്ടില്‍ പോയപ്പോള്‍ മാത്രമാണ് ...എന്റെ ഭാര്യ..... അവളുടെ ജീവിതവും ഞാന്‍ കാരണം പോയി. അത്യഗ്രഹമില്ലാതെ എനിക്ക് നാട്ടില്‍ ഉള്ളത് കൊണ്ട് ജീവിച്ചിരുന്നുവെങ്കില്‍ ......"

അയാളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ഒഴുകുവാന്‍ തുടങ്ങി ...അയാള്‍ പെട്ടെന്ന്  തന്നെ തുടച്ചു മാറ്റി 
പിന്നീട് പറഞ്ഞു.

"നല്ല നിലയില്‍ ഒരു കച്ചവടം നാട്ടില്‍ നടത്തികൊണ്ടിരുന്നവന്‍ ആണ് ഞാന്‍.അല്ലലില്ലാതെ ജീവിച്ചും പോന്നു.പക്ഷെ അറബി പൊന്ന് മനസ്സില്‍ കയറിയപ്പോള്‍ കടയും ഉള്ള പണ്ടവും കൊടുത്ത് വന്നവനാ ഞാന്‍.ആദ്യം കൊടുത്ത പണം തിരിച്ചു പിടിക്കാന്‍ പാടുപെട്ടു.പിന്നെ പിന്നെ ജീവിക്കുവാന്‍ വേണ്ടിയും ...എല്ലാവരും ഇങ്ങിനെ അല്ല ..പക്ഷെ കൂടുതല്‍ പേരും എന്നെപോലെ വന്നവര്‍ ആണ്. അനിയന് എന്താണ് ജോലി എന്ന് അറിയില്ല ..എന്നാലും പറയാം ..നമ്മളുടെ നാട്ടില്‍ കിട്ടുന്ന ജോലിയാണെങ്കില്‍ അത് അവിടുന്ന് തന്നെ ചെയ്യുക.ഇന്ന് അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇവിടുന്നു എല്ലാവരും പാലായനം ചെയ്യേണ്ടി വരും .അത് കൊണ്ട് പണം കിട്ടുന്നത് അല്പം കുറവാണെങ്കിലും നമ്മുടെ നാട് തന്നെയാണ് സ്വര്‍ഗം.കുടുംബത്തോടൊപ്പം ഉള്ള സന്തോഷം അത് വിലമതിക്കാനാവാത്തതാണ്...ഗള്‍ഫിനു ഒരു മായിക ശക്തി ഉണ്ട് ..ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരുത്തും ...ഇവിടെ  എത്ര അനുഭവിച്ചാലും അത് വീണ്ടും  തിരിച്ചുവിളിക്കുപോല്‍ വന്നുപോകുന്ന  ഒരു മായിക ശക്തി...ഞാന്‍ തന്നെ എത്ര തവണ തിരിച്ചു വരുനില്ല എന്ന് വിചാരിച്ചതാനെന്നു അറിയാമോ ..പക്ഷെ പിന്നെയും പിന്നെയും വരേണ്ടി വന്നു ..അനിയന്‍ ആ കാന്തിക വലയത്തില്‍ ആകര്ഷിക്കപെട്ടു പോകരുത് ...മതിയാക്കിയാല്‍ പിന്നെ വരരുത് ..എന്ത് പ്രലോഭനം ഉണ്ടായാലും .."

ഞാനും ചിന്തിച്ചു ..അതെ കുടുംബത്തെ കണ്ടിട്ട് രണ്ടു വര്‍ഷമായി.ബംഗ്ലൂരിലെ നല്ല ജോലി കളഞ്ഞു വന്നതാണ്.ബംഗ്ലൂരില്‍ നിന്നും എന്നെ മാറ്റുവാന്‍ വീട്ടുകാര്‍ ശ്രമിച്ചു.അവിടെ ഒരു ആഭാസന്‍ ലേബല്‍ ആയിരുന്നല്ലോ. എന്തൊരു ലൈഫ് ആയിരുന്നു അവിടെ ..കൂട്ടുകാര്‍ ...മാറി മാറി ഗേള്‍ ഫ്രണ്ട് .അടിച്ചുപൊളി .എല്ലാം മറന്നൊരു ജീവിതം.. പക്ഷെ മനസ്സില്‍ ഒരു നീറ്റലുണ്ട് ..ലക്ഷ്മി എന്ന നീറ്റല്‍..ബംഗ്ലൂര്‍ ജീവിതം നഷ്ട്ടപെടുത്തിയത് അവളെയാണ്.എന്നെ കുറിച്ചുള്ള ചില കഥകള്‍ നാട്ടില്‍ പാട്ടയപ്പോള്‍ എന്നെ വെറുത്ത എന്റെ ലക്ഷ്മി...ആ ഒരു അകല്‍ച്ച തന്നെയായിരുന്നു കടല്‍ കടക്കുവാനും പ്രചോദനം ആയത്...പക്ഷെ  ഇവിടെ അടിമയെ പോലെ ...എങ്കിലും നല്ല പണം കിട്ടുന്നുണ്ട്‌ ..പക്ഷെ ലൈഫ് ...അബൂക്ക പറഞ്ഞത് ശരിയാണ്.ചിന്തിക്കണം ഒരു മടക്ക യാത്ര വേണോ എന്ന് ..ഇനിയും ബംഗ്ലൂരില്‍ ജോലി കിട്ടും .പക്ഷെ വീട്ടുകാര്‍ സമ്മതിക്കില്ല...വേറെ സ്ഥലം ഉണ്ട് ..ഡല്‍ഹി ..ഹൈദരാബാദ്‌ .. .ജീവിതവും തിരിച്ചു പിടിക്കാം ..പക്ഷെ ..പണം ഇത്ര കിട്ടില്ല .എന്നാലും സ്വസ്ഥത കിട്ടും.അതെ ഇനി മടക്കമില്ല .അങ്ങിനെ തീരുമാനിക്കാം ..അതോ മടങ്ങി പോകണമോ ?


വിമാനം നിലത്തിറങ്ങുന്നത് വരെ എന്തുവേണം എന്നൊരു തീരുമാനത്തില്‍ എത്തുവാന്‍ കഴിഞ്ഞില്ല.വീട്ടുകാരോട് എന്ത് പറയും ?ബാഗേജും കലക്റ്റ്‌ ചെയ്ത് എയര്‍പോര്‍ട്ടിന് വെളിയില്‍ വരുമ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു.അച്ഛന്‍ ,അമ്മ ,അളിയന്‍ ,കൂട്ടുകാര്‍ ഒക്കെ ....എല്ലാവരെയും ആശ്ലേഷിച്ചു കാറില്‍ കയറി.അളിയന്‍ ചോദിച്ചു 

"എത്ര കാലം ഉണ്ട് ലീവ് "  എല്ലാവരും ആദ്യം നേരിടുന്ന ചോദ്യം 
"രണ്ടു ആഴ്ച "
"അപ്പോള്‍ അതങ്ങു നടത്തിയാലോ അമ്മെ ?"
"ഏതു?"
"ഞങ്ങള്‍ നിനക്കൊരു കുട്ടിയെ കണ്ടിട്ടുണ്ട്.നീ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഓക്കേ.നാട്ടിലെ നിന്റെ ജോലിയുള്ള യുവാക്കള്‍ ഒക്കെ തരികിട ആണ് പോലും ..പുറംരാജ്യതാണ് പോലും നല്ലവര്‍ ഉള്ളത്. .പ്രത്യേകിച്ച്  നിന്റെ രാജ്യത്തു .അവിടെ എല്ലാറ്റിനും ഒരു ചട്ടം ഉണ്ട് പോലും ..ഇനി നിങ്ങള്‍ തമ്മില്‍ കണ്ടാല്‍ മതി .നിങ്ങള്‍ മുന്‍പേ നാട്ടില്‍ വെച്ച് കണ്ടിരിക്കും ..എന്നാലും ആ ചടങ്ങ് വേണ്ടതല്ലേ ?ഓക്കേ ആണെങ്കില്‍  പോകുന്നതിനു മുന്‍പ് ഉറപ്പിക്കാം...കല്യാണം പിന്നെ "

ചട്ടം പോലും .നമ്മുടെ നാട്ടുകാര്‍ അല്ലെ അവിടെ കൂടുതല്‍ ..അവര്‍ ചട്ടം പൊളിച്ചെഴുതും ..നിയമം ലംഘിക്കും.അനുവദനീയമല്ലാത്ത മദ്യവും മദിരാക്ഷിയും വരെ അവര്‍ എത്തിക്കും നിയമത്തിന്റെ കണ്ണും വെട്ടിച്ചു കൊണ്ട് ....പക്ഷെ പുറത്തു മാന്യര്‍ ..ആളും രാജ്യവും ഒക്കെ പുറമേ നല്ലത് തന്നെ. ..മനസ്സിലോര്‍ത്തു..എങ്കിലും പുറത്തു പറഞ്ഞില്ല.

"ആരാ കക്ഷി ?"

"നിന്നെ അറിയുന്ന ആള്‍ക്കാര്‍ തന്നെ ..ഹരീന്ദ്രന്‍ എഞ്ചിനീയരുടെ മകള്‍ ശ്രീലക്ഷ്മി "
"മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തു പോലെ ...നഷ്ട്ടപെട്ടു എന്ന് കരുതിയ അവള്‍ വീണ്ടും ജീ വിതത്തിലേക്ക് ...പ്രതീക്ഷിക്കാത്ത ഒന്ന് ."

"എന്താ ഒന്നും മിണ്ടാത്തത് ?നീ ഗള്‍ഫില്‍ തുടരുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് താല്പര്യം ഉള്ളൂ..കാരണം നിന്നെ കുറിച്ച് അവര്‍ അവിടെ ഉള്ള അവരുടെ കസിന്സിനോട്  അന്വേഷിച്ചു...നല്ല അഭിപ്രായമാണ് ..നീയും നിന്റെ ജോലിയും അവര്‍ക്ക് നന്നേ പിടിച്ചു ..."


മനസ്സില്‍ എടുത്ത തീരുമാനങ്ങള്‍ ഒക്കെ വെറുതെയാവുന്നു..പോകുനില്ല എന്ന് പറഞ്ഞാല്‍ ലക്ഷ്മി വീണ്ടും നഷ്ട്ടമാകും .ഇവിടെ നിന്ന് കൊണ്ട് വീണ്ടും ഞാന്‍ ആഭാസന്‍ ആകാന്‍ പോകുകയാണോ എന്ന് ചിന്തിക്കും.എന്തായാലും മടങ്ങിപോകുക തന്നെ ....ഇഷ്ടം ഇല്ലാതെ പലരും വീണ്ടും വീണ്ടും അവിടെക്കുതന്നെ തിരിച്ചു പോകുന്നത്  ഇങ്ങിനത്തെ  കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാവും ..അല്ലെ ?സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്ത ചില അവസ്ഥകള്‍ ..എല്ലാം ചുറ്റുമുള്ളവര്‍ അങ്ങ് തീരുമാനിക്കും ..അവരെ പിണക്കാതിരിക്കാന്‍ നമ്മള്‍ അനുസരിക്കുന്നു ഒരു യന്ത്രത്തെ പോലെ ..അല്ലെങ്കില്‍ നമ്മുടെ സ്വകാര്യ താല്പര്യം സംരക്ഷിക്കുവാന്‍ നമ്മള്‍ തന്നെ ഇഷ്ടമില്ലാതെ  തീരുമാനിക്കും.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മടക്കയാത്രക്ക് വേണ്ടി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമ്പോള്‍ വലിയ ഒന്ന് രണ്ടു ലഗാജുമായി വരുന്ന ആളെ കണ്ടു ഞെട്ടി.  അബൂക്ക ...ഇനി ഒരു മടക്കയാത്ര ഇല്ല എന്ന് പറഞ്ഞ ആള്‍. ...എന്നോട് നാട്ടില്‍ ജോലി തേടാന്‍ ഉപദേശിച്ച ആള്‍...എഴുനേറ്റു ചെന്ന് പുറത്തു തട്ടി.അബൂക്ക ഞെട്ടി തിരിഞ്ഞു ..അമ്പരപ്പ് മാറി ...എന്നെ കണ്ടപ്പാടെ ഒന്ന് ചിരിച്ചു .

"എന്താ അബൂക്ക ഇത് ..?നിങ്ങളല്ലേ പറഞ്ഞത് ഒരു മടക്കയാത്ര ഇല്ല ..കുടുബതോടൊപ്പം ഇവിടെ തങ്ങും എന്ന് ..എന്നിട്ട് ?"

"ഞാന്‍ പറഞ്ഞില്ലേ മോനെ ..ഈ ഗള്‍ഫിനു ഒരു മായിക ശക്തി ഉണ്ട് ..അതെപ്പോഴും തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും ..."അത് പറഞ്ഞു അബൂക്ക പൊട്ടി പൊട്ടി ചിരിച്ചു.പിന്നെ പറഞ്ഞു

"പക്ഷെ പോകുന്നത് ഞാനല്ല ...എന്റെ മോള്‍ റസിയയ ...ഇവളുടെ ഉമ്മയുടെ അനുഭവം ഇവള്‍ക്ക് ഉണ്ടാകരുത് ..അത് കൊണ്ട് ഇവളുടെ പുയ്യാപ്ല അവിടെ കഴിയുന്നകാലത്തോളം ഇവളെയും അവിടെ നിര്‍ത്തുവാന്‍ ഞാന്‍ ഏര്‍പ്പാടാക്കി .പടചോന്‍ സഹായിച്ചു എല്ലാം വേഗം നടന്നു ...."

അബൂക്ക അത് പറയുമ്പോള്‍ ആ മുഖത്തെ സന്തോഷം എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നു.ഒരു ആയുസ്സിന്റെ കുറെഭാഗം അന്യരാജത്തു  ഹോമിക്കപെട്ടുപോയ ആ മനുഷ്യന്‍ തന്റെയും ഭാര്യുയു ടെയും അനുഭവം മക്കള്‍ക്ക് ഉണ്ടാവരുതെന്നു തീരുമാനിക്കുന്നു...അവര്‍ക്കുവേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി മാത്രമായിപോയ നഷ്ട്ടപെടുത്തിയ  ജീവിതങ്ങള്‍ ..അങ്ങിനെ എത്ര എത്ര അബൂക്കമാര്‍ .......



കഥ:പ്രമോദ്‌ കുമാര്‍.കെ.പി 



No comments:

Post a Comment