Friday, May 9, 2014

ഒരു "ഈച്ച "പരാതി

ഈ മനുഷ്യരെ കൊണ്ട് നല്ല നിലയിൽ ജീവിക്കുവാൻ പറ്റില്ല എന്നായി..നമ്മുടെ വംശം തന്നെ ഉന്മൂലനം ചെയ്താലേ അവർക്ക്  തൃപ്തി വരൂ എന്നാണ്  തോന്നുന്നത്..കാലാകാലമായി അവർ അത് ചെയ്തു കൊണ്ടിരിക്കുകയാണ് .ഭൂമി ഏല്ലാവർക്കും  അവകാശപെട്ടതാണ് എന്ന സത്യം അവർ പലപോഴും\ മറക്കുന്നു.എന്നാൽ  അവരുടെ മടി ,വൃത്തിയിലായ്മ ഒക്കെ കൊണ്ട്  ഇപ്പോൾ ഒരുവിധം പിടിച്ചു നില്ക്കുന്നു.രോഗങ്ങളിൽ പലതും നമ്മളാണ്‌ ഉണ്ടാക്കുന്നത്‌ എന്നാണ് അവരുടെ മുഖ്യ പരാതി.കുറെയൊക്കെ ശരി തന്നെ ..എന്നാലും മാരകമായ എയിഡ്സ് ,കാൻസർ,കരൾ രോഗങ്ങൾ തുടങ്ങിയവയിൽ  നമുക്ക് എന്തെങ്കിലും പങ്കുണ്ടോ ?.അതൊക്കെ അവരുടെ ജീവിതരീതി  കൊണ്ട് അവർ തന്നെ വരുത്തി വെക്കുന്നതല്ലേ ?പണ്ട് മുതൽ തന്നെ നമ്മൾ ഇവിടെയുണ്ട് .അന്നേരം ഒന്നുമില്ലാത്ത അനേകം രോഗങ്ങൾ ഇപ്പോൾ ഉണ്ട് .പലരും ഇപ്പോൾ  അവർപൊലുമറിയാതെ മാരകരോഗികളാണ് ..അതൊക്കെ നമ്മളാണോ  ഉണ്ടാക്കി കൊടുത്തത്.ഇവരുടെ പെരുമാറ്റം കാണുമ്പോൾ അങ്ങിനെയാണ് തോന്നുന്നത്.

വലിയൊരു പാരമ്പര്യവും നമുക്കുണ്ട് .അത് മറക്കരുത്. .ജീവൻ  ഭൂമിയിൽ ഉണ്ടായപ്പോൾ മുതൽ നമ്മളും  ഇവിടുണ്ട്.ഇരുപതിനായിരത്തിൽ പരം വ്യത്യസ്ത വംശം ഞങ്ങൾക്കുണ്ട്  എന്നാണ് ഇന്നലെ ഗൂഗിൾ നോക്കിയപ്പോൾ കണ്ടത്.വെറുതെ മോണിറ്ററിൽ  ഇരിക്കുമ്പോൾ കണ്ടതാ ..പക്ഷെ "അവർ " അവിടുന്നും ഓടിച്ചു വിട്ടു...പക്ഷെ അതിൽ കൂടുതൽ പേരെയും മനുഷ്യർക്ക്‌ വെറുപ്പാണ്.ഒന്നാമത്  നമ്മൾ  തമ്മിൽ ഒരു ഐക്യം ഇല്ല ..മനുഷ്യരും  അങ്ങിനാണ്  അല്ലെ ?എത്രയാ  ജാതിയും മതവും ഒക്കെ .എന്നിട്ട് പരസ്പരം തല്ലും കൊലയും ..നമ്മൾ തമ്മിൽ ഐക്യം ഇല്ല എന്ന് മാത്രം പരസ്പരം  കൊല്ലും കൊലയും  ഒന്നുമില്ല .പക്ഷെ നമ്മളെ നശിപ്പിക്കുവാൻ അവർ ഐക്യം കാണിക്കുന്നുണ്ട് .,വല്ലപ്പോഴും ആരെയെങ്കിലും ബോധിപ്പിക്കുവാൻ വേണ്ടി  മാത്രം ...ഒന്നും അവർ വൃത്തിയായി ചെയ്യില്ല ..എല്ലാം തുടങ്ങി വെക്കും ...പൂർത്തികരിക്കില്ല..അത് കൊണ്ടാണ് രോഗം അവരെ വിടാതെ പിന്തുടരുന്നത് .

മനുഷ്യർ  അവർക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കികൊടുക്കുന്നവരെ പരിലാളിക്കും.അത് കൊണ്ടാണല്ലോ തേനീച്ചകൾ  അവർക്ക്  പ്രിയപെട്ടവർ  ആകുന്നത് . പക്ഷെ മുതലെടുപ്പാണ്...കഷ്ട്ടപെട്ടു തേനീച്ചകൾ  തേൻ ഒക്കെ സംഭരിച്ചാൽ അവർ അത് അടിച്ചു മാറ്റും.കുടിക്കും വിൽക്കും .മധുര പലഹാരങ്ങൾ ഉണ്ടാക്കും .എന്നാൽ  അതിലൊന്ന് കയറിപോയാലോ ..ഓടിച്ചിട്ട്  കൊല്ലും ...എന്നിട്ടും പാവങ്ങളായ തേനീച്ചകളുടെ വംശങ്ങൾ ഇന്നും മനുഷ്യരുടെ കയ്യിലെ പാവകൾ .പലരും അടിമകൾ .അവരെ പേടിയോടെ അനുസരിക്കുന്നു .അതും കൂട്ടായിട്ടുള്ള ഹണികളെ മാത്രമേ അവർക്ക് ആവശ്യമുള്ളൂ ..ഒറ്റയ്ക്ക് വന്നാൽ ഓടിക്കും ചിലപ്പോൾ  കൊന്നും കളയും .അവർക്ക് ഉപദ്രവം ചെയ്യുന്ന എല്ലാറ്റിനെയും അവർ നശിപ്പിക്കും.അതാണ്‌ മനുഷ്യർ .

നമുക്ക്  നാലോ അഞ്ചോ മാസം മാത്രമാ ആയുസ്സ്.പക്ഷെ അത്രയും കാലം ജീവിക്കുന്നവർ നന്നേ കുറവും.അധികവും മനുഷ്യരുടെ കൈ കൊണ്ടുള്ള ദാരുണമരണങ്ങൾ.നമ്മുടെ മുൻപത്തെ തലമുറകളെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് .അവർക്ക് എപ്പോഴും മൃഷ്ടാനഭോജനമായിരുന്നു എന്ന് ജ്യൂസ്‌ കടകളും ,ബേക്കറികളും ,ഫ്രൂട്ട് സ്ടാളുകളും ,ഹോട്ടലുകളും ഒക്കെ അവരുടെ വിഹാര കേന്ദ്രമായിരുന്നു .ആർക്കും  പരാതി ഉണ്ടായിരുനില്ല .കൂട്ടം കൂടി ഒച്ച വെക്കുമ്പോൾ  ചിലപ്പോൾ ഓടിക്കും അല്ലെങ്കിൽ കസ്റ്റമർ വരുമ്പോൾ ..പിന്നെ പ്രശ്നം ഇല്ല   .പക്ഷെ  ഇപ്പോൾ നമ്മുടെ കാര്യമോ ?നമ്മൾക്ക് ഇപ്പോൾ വായക്കു രുചിയുള്ള വല്ലതും കിട്ടിയാൽ ആയി.പട്ടിണി കിടന്നു മരിക്കേണ്ടി വരുനില്ല അതുണ്ട് ആശ്വാസം ...അതും മനുഷ്യരെ കൊണ്ട് തന്നെ...

മുൻപൊക്കെ ഗ്രാമങ്ങളിൽ നമ്മുടെ സംഖ്യ കുറവായിരുന്നു.കാരണം അവിടെ നമുക്ക് വേണ്ടുന്ന ഭക്ഷണം കിട്ടുന്നത് കുറവായിരുന്നു എന്നത് കൊണ്ട് തന്നെ.ചിലർ  അവിടെയുള്ള ചില കച്ചവട സ്ഥാപനങ്ങളിൽ കുടിയേറി.അവിടെ ഉള്ള മറ്റുള്ളവർ കൂടുതലും ജീവിച്ചത്  ഗ്രാമവാസികളുടെ വിസർജനം കൊണ്ടാണ്. .അവരെ നമ്മൾ കൂട്ടത്തിലെ താണതരം ഗണത്തിലാണ്  കണ്ടിരുന്നത്‌.പക്ഷെ ഒരു വീട്ടിൽ ഒരു കക്കൂസ്  എന്ന പ്രചരണം മുതലെടുത്ത്‌  മനുഷ്യർ ഒരു വീട്ടിൽ തന്നെ  മൂന്നും നാലും കക്കൂസ് പണിതു.അത് കൊണ്ട് കുട്ടികൾ പോലും വളപ്പിൽ തൂറാതായി ..അങ്ങിനെ അവർക്ക്  ജീവിക്കുവാൻ മറ്റു മേഖല തേടി പോകേണ്ടി വന്നു.പട്ടിണി കൊണ്ട്  വലഞ്ഞ്   ചിലർ  വീീട്ടിനകത്തു കയറിത്തുടങ്ങി ..അതുമുതലാണ്  പ്രശ്നം ഉണ്ടാകുന്നത് ..നമ്മുടെ കഷ്ട്ട കാലത്തിനു പലർക്കും പ്രത്യേകിച്ചു  കുട്ടികൾക്ക്  അസുഖങ്ങൾ  വന്നു. ഡോക്റ്റർമാർ  കുറ്റം പാവം നമ്മുടെ തലയിലാക്കി.അന്ന് തുടങ്ങിയതാ മനുഷ്യർക്ക്‌  നമ്മളോട്  ശത്രുത ..നമ്മളെ എവിടെ കണ്ടാലും അകറ്റുക പതിവാക്കി. നമ്മളെ  കൊന്നു തള്ളുന്ന  സ്പ്രേ വന്നു നമ്മെ പച്ചയോടെ ചുട്ടരിക്കുന്ന ഉപകരണങ്ങൾ  കണ്ടു പിടിച്ചു.നമ്മൾ കടന്നു ചെല്ലാതിരിക്കുവാൻ  ചില്ല് കൂടുകൾ ഉണ്ടാക്കി ..നെറ്റുകൾ  നെയ്തു....അതോടെ നമുക്ക് കിട്ടുന്ന നല്ല ഭക്ഷണങ്ങൾ  ഇലാതായി.

നല്ല  ഭക്ഷണം  വേണം .പക്ഷെ എവിടെ പോകും ഇപ്പോൾ വരുന്ന എല്ലാ ഭക്ഷണത്തിലും അപ്പടി മായമാണ് ...ഇന്നലെ ജുസ് കടയിൽ  ഒളിച്ചു കടന്നു മുന്തിരി ജ്യൂസ്‌ കുടിച്ച ചങ്ങാതി "സ്പോട്ട് ഔട്ട്‌ "ആയി ..കഴിഞ്ഞ ആഴ്ച മാങ്ങ ജ്യൂസ്‌ കുടിച്ചു കുറച്ചുപേർ മരിച്ചത് കൊണ്ട് അവൻ അതൊഴിവാക്കി മുന്തിരി തേടി പോയതാണ് .അതിലും മായം ...

ജീവിക്കണം  എന്ന   ആഗ്രഹം  ഉള്ളത് കൊണ്ടും ഇപ്പോൾ ഗതിയില്ലാത്തതുകൊണ്ട്‌ നമ്മളും കഴിക്കുന്നത്‌  എല്ലാവരും തള്ളുന്ന മാലിന്യങ്ങൾ ...അതെ നമ്മൾ താണവരായി കണ്ടവരുടെ അതെ ഭക്ഷണം.  മാലിന്യങ്ങൾ ...മനുഷ്യർക്ക്‌ വൃത്തി കുറവായതിനാലും മാലിന്യങ്ങൾ എങ്ങിനെ സംസ്കരിക്കണം എന്ന് അറിയാമെങ്കിലും അത് ചെയ്യാത്തതിനാലും ഇപ്പോൾ നമ്മൾക്ക് ഭക്ഷണത്തിനു ഒരു കുറവും അനുഭവപെടുനില്ല.പക്ഷെ  രുചി ഉണ്ടാവില്ല  എന്ന് മാത്രം.നാട് മുഴുവൻ  മാലിന്യങ്ങൾ കെട്ടികിടക്കുകയല്ലേ ...എങ്ങിനെയെങ്കിലും ജീവിച്ചു പോകാം...മനം മടുത്തു കൊണ്ടാണ്  കഴിക്കുന്നത്‌ ...ജീവിക്കണ്ടേ ...എന്നാലും ഒരു ആഗ്രഹമുണ്ട് മരിക്കുന്നതിനു മുൻപ് കുറെ നല്ല ഭക്ഷണം കഴിച്ചു മരിക്കണം എന്ന് ....പക്ഷെ അതുണ്ടാകുമെന്നു തോന്നുനില്ല കാരണം അങ്ങേതിലെ വല്യപ്പനും ഇതേ ആഗ്രഹം വല്യമ്മച്ചിയോടു ഇന്നലെ പറയുന്നത് കേട്ടു ..അത് കൊണ്ട്  ആശ കൈവിടാം .

.മനുഷ്യർക്ക്‌ അസാധ്യമായതാണോ  നമ്മള്‍ സാധു ജീവികൾക്ക്  സാധ്യമാകുവാൻ  പോകുന്നത് ..നെവർ ....

കഥ : പ്രമോദ് കുമാർ .കെ.പി 
( ഈ  കഥ "യുവധാര സൌഹൃധവേദി " കഥാമത്സരത്തിൽ  സമ്മാനം നേടി )

6 comments:

  1. ലളിതമായ ആവിഷ്ക്കാരം. ഈ കഥ കുട്ടികൾക്കാണ് ഇഷ്ടപ്പെടാൻ സാധ്യത.

    ReplyDelete
  2. നന്ദി സുഹൃത്തേ ....വീണ്ടും വരിക

    ReplyDelete
  3. ജീവജാലങ്ങളില്‍ ഒന്നായിപ്പോയല്ലൊ?
    ജീവിച്ചുപോകണ്ടേ ഞങ്ങള്‍ക്കും......
    ലളിതമായി പറഞ്ഞു.
    ആശംസകള്‍

    ReplyDelete
  4. ഈച്ചകളുടെ പരാതിയില്‍ കഴമ്പുണ്ടല്ലേ? സരളമായി എഴുതി...

    ReplyDelete
    Replies
    1. സകല ചരാചരങ്ങള്‍ക്കും ഭൂമിയില്‍ അവകാശം ഉണ്ട് ..അത് നമ്മള്‍ മറക്കുന്നു

      Delete